
സംസ്ഥാനത്ത് അതി തീവ്രമഴ;വരും മണിക്കൂറുകളിൽ മഴ കനക്കും
- . പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ചഡിസി പരീക്ഷകൾ മാറ്റി വെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല. കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ 3.30 ഇറങ്ങേണ്ട സലാലയിൽ നിന്നുള്ള സലാം എയർ കനത്ത മഴയെ തുടർന്ന് കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടു. മലങ്കര, നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും.
