
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു
- ശുചിത്വവും വ്യക്തിഗത ആരോഗ്യസംരക്ഷണവും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. ശുചിത്വവും വ്യക്തിഗത ആരോഗ്യസംരക്ഷണവും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇന്ന് വയനാട് കോളയാടി സ്കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി.

110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്. 2025 ൽ 132 പേർക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നു.
