
സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി
- പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വിജിലൻസ് എസ്പി, പിഎസ്സി ചെയർമാന് ഔദ്യോഗികമായി കൈമാറി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വിജിലൻസ് എസ്പി, പിഎസ്സി ചെയർമാന് ഔദ്യോഗികമായി കൈമാറി. നേരത്തെ ആരോപണം ഉയർന്നപ്പോൾ പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.

പരീക്ഷാ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ സ്ഥിരീകരണം വന്നിരിക്കുകയാണെന്നാണ് വിലയിരുത്തൽ. വിജിലൻസ് സമർപ്പിച്ച വിജിലൻസ് റിപ്പോർട്ട് വരുന്ന തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം വിശദമായി ചർച്ച ചെയ്യും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ വിഭാഗത്തിലെ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
