
സാമൂഹ്യ ക്ഷേമ പെൻഷൻ: മാറ്റം വേണം… പക്ഷേ ആരുടെ സൗകര്യത്തിന്?
- ശ്രീലാൽ പെരുവട്ടൂർ
കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ ആശ്വാസമാണ് സാമൂഹ്യ ക്ഷേമ പെൻഷൻ. പ്രായമായവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ തുക വെറുമൊരു സഹായമല്ല; പല കുടുംബങ്ങൾക്കും അതൊരു ജീവിതത്തിന്റെ ഭാഗമാണ്.കാലാകാലങ്ങളായി വിവിധ രീതികളിൽ പെൻഷൻ വിതരണം പരീക്ഷിച്ചിട്ടുണ്ടെങ്കിലും, സാധാരണക്കാരിലേക്ക് പെൻഷൻ എത്തിക്കുന്നതിൽ സഹകരണ ബാങ്കുകൾ വഴിയുള്ള സംവിധാനം ഏറെ പ്രായോഗികവും ജനകീയവുമായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്.ഇപ്പോൾ കിടപ്പുരോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് പെൻഷൻബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള നീക്കമാണ് ചർച്ചയാകുന്നത്.ബാങ്ക് വഴി പെൻഷൻ നൽകുന്നതിൽ സാങ്കേതികമായി തെറ്റൊന്നുമില്ല.പക്ഷേ ഒരു ചോദ്യം ഉയരുന്നു:ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയാത്ത ആയിരക്കണക്കിന് വയോജനങ്ങളുടെ കാര്യമോ?എ.ടി.എം., പിൻ നമ്പർ, ഒ.ടി.പി., മൊബൈൽ ബാങ്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ പരിചയമില്ലാത്തവരും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നവരുമാണ് പല പെൻഷൻ ഗുണഭോക്താക്കളും.അങ്ങനെയുള്ള സാഹചര്യത്തിൽ അക്കൗണ്ട് വിവരങ്ങളും ബാങ്കിംഗ് സംവിധാനങ്ങളും മറ്റുള്ളവരുടെ കൈകളിലെത്തുമ്പോൾ സാമ്പത്തിക ചൂഷണത്തിനും തട്ടിപ്പിനും സാധ്യത വർധിക്കില്ലേ?കിടപ്പുരോഗിയല്ലെങ്കിലും ബാങ്കിൽ നേരിട്ട് പോകാൻ കഴിയാത്ത എത്രയോ വയോജനങ്ങളുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, ശാരീരിക അവശതകളുള്ളവർ തുടങ്ങിയവരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്.അതുകൊണ്ട് പെൻഷൻ വിതരണത്തിൽ പരിഷ്കാരം കൊണ്ടുവരുമ്പോൾ ഒരു കാര്യം മാത്രം ഉറപ്പാക്കണം:പെൻഷൻ സംവിധാനം ആധുനികമാകുന്നതോടൊപ്പം ഗുണഭോക്താവിന്റെ സുരക്ഷയും സൗകര്യവും നഷ്ടപ്പെടരുത്.ക്രമക്കേടുകളുണ്ടെങ്കിൽ കണ്ടെത്തണം. അർഹതയില്ലാത്തവർ ഉണ്ടെങ്കിൽ ഒഴിവാക്കണം. വിതരണത്തിലെ പോരായ്മകൾ പരിഹരിക്കണം.പക്ഷേ അതിന്റെ പേരിൽ അർഹരായ വയോജനങ്ങൾക്ക് അവരുടെ പെൻഷൻ ലഭിക്കുന്നത് തന്നെ ഒരു ബുദ്ധിമുട്ടായി മാറരുത്.കാരണം…സാമൂഹ്യ ക്ഷേമ പെൻഷൻ സർക്കാർ നൽകുന്ന ഒരു തുക മാത്രമല്ല.
അത് ഒരു വയോജനത്തിന്റെ മരുന്നിനുള്ള പണമാണ്.
ഒരു കുടുംബത്തിന്റെ ഭക്ഷണച്ചെലവാണ്.
ഒരു സാധാരണക്കാരന്റെ ആത്മവിശ്വാസമാണ്.അതിനാൽ ചോദിക്കേണ്ടത്പെൻഷൻ എങ്ങനെ വിതരണം ചെയ്യണം? എന്നതിലുപരി,”അർഹനായ വ്യക്തിയുടെ കൈകളിൽ അത് ഏറ്റവും സുരക്ഷിതമായും എളുപ്പമായും എങ്ങനെ എത്തിക്കാം?” എന്നതാണ്.
പരിഷ്കാരം വേണം… പക്ഷേ ഗുണഭോക്താവിനെ മറന്നുകൊണ്ടാകരുത്.
