
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെച്ചൊല്ലി സർക്കാർതലത്തിൽ തർക്കം
- സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും ത്രിവർണ പതാക) ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും പാടണമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദേശിച്ചു.
തിരുവനന്തപുരം :സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെച്ചൊല്ലി സർക്കാർതലത്തിൽ തർക്കം. സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും ത്രിവർണ പതാക) ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും പാടണമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദേശിച്ചു. എന്നാൽ, സംസ്ഥാന-ജില്ലാ തലങ്ങളിലും സർക്കാർ ഓഫീസുകളിലും ഔദ്യോഗികമായി നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ ചടങ്ങുകൾ ക്രമീകരിക്കുന്നത് പ്രോട്ടക്കോൾ വിഭാഗമാണ്.ചിഫസെക്രട്ടറിയുടെ നിർദേശം ‘ഹർ ഘർ തിരംഗ’ എന്ന പേരിൽ നടക്കുന്ന അനൗപചാരിക പ്രചാരണത്തിനു മാത്രമാണ് ബാധകമെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ, വന്ദേമാതരം പൂർണമായി ചെല്ലേണ്ടതില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിർദേശം സംസ്ഥാനസർക്കാർ ഉണ്ടാക്കിയതോ പുതിയ സംഗതിയോ അല്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ലോക്ഭവനിൽനിന്ന് നിർദേശം കൊടുക്കാൻ പറയുമ്പോൾ ചീഫ് സെക്രട്ടറിക്ക് അത് നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പൂർണമായി പാടണമെന്നത് ആർ.എസ്.എസ്. നയമാണെന്നും നിർദേശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടു.
