
സർക്കാർ രൂപീകരണത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്
- എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും വിജയ് നന്ദി പറഞ്ഞു.
ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിജയ് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധി സഹോദരൻ ആണെന്നാണ് വിജയ് പറഞ്ഞത്. ഒപ്പം എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും വിജയ് നന്ദി പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക പിന്തുണ നൽകിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു. സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ടായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായി വിജയയുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ.

തന്റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്മുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് ഒമ്പത് മന്ത്രിമാരാണ്.
