
465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള നിയമ പോരാട്ടത്തിൽ കെഎസ്ഇബി
- ടെൻഡർ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് വർഷം മുൻപാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയത്
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള നിയമ പോരാട്ടത്തിൽ കെഎസ്ഇബിക്ക് ഇതുവരെ ചെലവായത് 84 ലക്ഷം രൂപ. കരാറുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തെളിവില്ലെന്ന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ടെൻഡർ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് വർഷം മുൻപാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയത്. കേരളം ഇരുട്ടിലായപ്പോൾ പിടിച്ച് നിൽക്കാൻ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ഒരുങ്ങിയത്. യൂണിറ്റിന് 9 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ പുതിയ കരാറുകളിലേക്ക് നീങ്ങാനും പോവുന്നു. അവിടെയാണ് മുൻപ് റദാക്കപെട 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ എന്ത് മാത്രം ഗുണകരമായിരുന്നു എന്നത് ചർച്ചയാവുന്നത്. യൂണിറ്റിന് 4.29 രൂപക്കായിരുന്നു കരാർ പ്രകാരം വൈദ്യുതി കിട്ടിയിരുന്നത്.

25 വർഷത്തേക്കുള്ള കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. വൈദ്യുതി ലഭിച്ച് തുടങ്ങിയത് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോഴാണ്.പവർകട്ടില്ലാത്ത കേരളം എന്ന് സർക്കാർ കൊട്ടിഘോഷിച്ചത് ഈ കരാറിന്റെ ബലത്തിലായിരുന്നു. ടെൻഡർ നടപടികളിൽ വ്യതിയാനം ഉണ്ടായെന്ന സാങ്കേതിക കാര്യം പറഞ്ഞാണ് റെഗുലേറ്ററി കമ്മീഷൻ 2023 മെയ് 10ന് കരാർ റദ്ദാക്കിയത്. കരാർ റദ്ദാക്കിയത് സംസ്ഥാന താൽപര്യത്തിന് എതിരെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിച്ചതോടെ കരാർ പുനഃസ്ഥാപിക്കാൻ നോക്കിയെങ്കിലും വൈദ്യുതി തന്നിരുന്ന കമ്പനികൾ പിന്മാറി. ആപ്റ്റെലിലും ഇപ്പോൾ സുപ്രിംകോടതിയിലുമായി ഇതിനെതിരെ കെഎസ്ഇബിനിയമ യുദ്ധത്തിലാണ്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്നുമില്ല അത് പുനഃസ്ഥാപിക്കാൻ പണം ചെലവാക്കിക്കൊണ്ടേയിരിക്കു ന്നു. നിയമ പോരാട്ടത്തിന് അഭിഭാഷകർക്ക് ഫീസായി നൽകിയത് 84,55,605രൂപ. ഇനിയും ചെലവാക്കേണ്ടി വരും.
