
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
- തൊഴിലുറപ്പ് പദ്ധതിക്കും മണ്ണ് -ജലസംരക്ഷണ പ്രവർത്തനത്തിനും 48.39കോടി വകയിരുത്തി.
കൊടുവള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും മണ്ണ് ജലസംരക്ഷണ പ്രവർത്തനത്തിനുമായി 48.39 കോടി രൂപ വകയിരുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ രാജേഷ് അവതരിപ്പിച്ചു. ഭവനനിർമാണ പദ്ധതിക്കും ദാരിദ്ര്യ ലഘൂകരണത്തിനും ഊന്നൽ നൽകിയുള്ള ബജറ്റ് 61,23,30,692 – രൂപ വരവും 60,35,01,775- രൂപ ചെലവും 88,28,917 രൂപമിച്ചവും പ്രദീക്ഷിക്കുന്നു.
ഉത്പാദനമേഖലയ്ക്ക് 1,35,50,000 രൂപയും ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് പാലിന് സബ്സിഡി നൽകാനായി 70- ലക്ഷം രൂപയും വനിതാ ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സബ്സിഡിയായി 20- ലക്ഷം രൂപയും നീക്കിവെച്ചു. ഭവന നിർമാണത്തിനായി 143- ലക്ഷവും വയോജനങ്ങൾക്കും പാലിയേറ്റീവ് പരിചരണത്തിനുമായി 12 – ലക്ഷവും വനിതാഘടക പദ്ധതിക്ക് 67 – ലക്ഷവും ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ബത്തയും നൽകാൻ 80 – ലക്ഷവും കുട്ടികളുടെ ക്ഷേമത്തിനായി 35 – ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തു കളിലുമായി റോഡുകൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനുമായി 188.36 ലക്ഷംരൂപ വകയിരുത്തി. താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലെ സ്കൂളുകളിൽ ശുചിത്വ സമുച്ചയങ്ങളും തിരുവമ്പാടി, കിഴക്കോത്ത്, പുതുപ്പാടി പഞ്ചായത്തുകളിൽ റോഡുകൾക്ക് അഴുക്കുചാൽ നിർമാണത്തിന് 60- ലക്ഷം രൂപയും വകയിരുത്തി. താമരശ്ശേരി താലൂക്ക് ആശുപത്രി, കോടഞ്ചേരി ഫാമിലി ഹെൽത്ത് സെൻ്റർ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിനുമായി ഒരുകോടിരൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ഫാംടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വന്യമ്യഗങ്ങളിൽ നിന്നുള്ള കൃഷിനാശം തടയുന്നതിന് സൗരോർജ വേലികൾ സ്ഥാപിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.