
ഗാസയിൽ ശുഭ പ്രതീക്ഷയുമായി ലോകം; സമാധാന ചർച്ചയുടെ ഒന്നാം ഘട്ടം പൂർത്തിയായി
- ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക
കയ്റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്ത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധത്തിന് ഇന്നു 2 വർഷം തികയുമ്പോൾ, ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിലാണ് ചർച്ച നടന്നത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാനപദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചർച്ച.

ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക. ബന്ദികളുടെ മോചനമാണ് ഇസ്രയേൽ അജൻഡ. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേൽ വെടിനിർത്തലും സേനാ പിന്മാറ്റവുമാണ് ഹമാസിന്റെ ലക്ഷ്യം.
CATEGORIES News
