
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് 4500 രൂപ; അഡ്വാൻസ് 20000 രൂപ
- സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്സുമാർ എന്നിവർക്ക് ഇത് 1450 രൂപയായിരിക്കും ഉത്സവ ബത്ത എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്ക്കേണ്ടതുമാണ്.
