
പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ ക്രമീകരണങ്ങളുമായി പോലീസ്
- പുതുവർഷ രാത്രിയിൽ യാത്രക്കാർക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടർ മെട്രോ പ്രത്യേക സർവീസുകൾ നടത്തും
കൊച്ചി:പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ ക്രമീകരണങ്ങളുമായി പോലീസ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വിദേശികൾക്കായി പ്രത്യേക പവലിയൻ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകൾ നടത്തും. പുതുവർഷ രാത്രിയിൽ യാത്രക്കാർക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടർ മെട്രോ പ്രത്യേക സർവീസുകൾ നടത്തും. പുതുവത്സര തലേന്ന് ഫോർട്ട് കൊച്ചിയിലേക്ക് ജനം ഒഴുകിയെത്തും. ഇതിനാൽ തന്നെ ഗതാഗതകുരുക്ക് അടക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൊച്ചി നഗരത്തിൽ പുതുവത്സര തലേന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും.

പുതുവത്സരാഘോഷത്തിന്റെ നിരീക്ഷണത്തിനായി ഫോർട്ട് കൊച്ചിയിൽ പോലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ചുമതലക്കായി വിന്യസിക്കും. ഇവർക്കൊപ്പം പത്ത് ഇൻസ്പെക്ടർമാർ ചുമതലയിലുണ്ടാകും. ഡിസംബർ 31ന് ഉച്ചക്ക് രണ്ട് മണി മുതൽ നിയന്ത്രണങ്ങളുണ്ടാകും. റോഡരികിലെ പാർക്കിങ്ങുകൾ പൂർണമായും നിരോധിക്കും. വാഹനങ്ങൾ നിർത്തിയിടാൻ ബിഷപ്പ് ഹൗസ് പാർക്കിങ് ഏരിയ, സാന്റാക്രൂസ് സ്കൂൾ ഗ്രൗണ്ട് സെയന്റ്സ് പോൾസ് സ്കൂൾ ഗ്രൗണ്ട്, ഡെൽറ്റാ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും
