
വിശുദ്ധ റമദാനിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുക: റഫീഖ് സലഫി
- ഖുർആൻ വിഞാന പരീക്ഷ യിൽ വിജയിച്ച കുട്ടികൾക്കു സർട്ടിഫിക്കറ്റും സമ്മാന ദാനവും നടത്തി
കാപ്പാട്: വിശുദ്ധ റമദാനില് വിശ്വാസി സമൂഹം നേടിയെടുത്ത മൂല്യങ്ങള് കാത്തു സൂക്ഷിക്കുവാനും, സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുവാനും ഈദുല് ഫിത്വ്ര് പ്രചോദനമാകണമെന്ന് ഇസ്ലാമിക പണ്ഡിതനും സൗദി മത കാര്യ വകുപ്പ് പ്രബോധകനുമായ റഫീഖ് സലഫി ബുറൈദൈ അഭിപ്രായപ്പെട്ടു.മസ്ജിദുൽ മുജാഹിദീൻ കാപ്പാട് എ.ടി ഫാം ഹൗസിൽ സംഘടിപ്പിച്ച ഈദ് നമസ്ക്കാര ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിശ്വാസ വിമലീകരണവും മൂല്യവത്തായ ജീവിത ക്രമവുമാണ് റമദാനിലൂടെ നാം നേടിയെടുത്തത്. അശരണരെ സഹായിക്കുവാനും അവരുടെ ഉയര്ച്ചക്ക് വേണ്ടിയും നാം നടത്തിയ പരിശ്രമങ്ങള് തുടരുവാൻ സാധിക്കണം. യുദ്ധവും അക്രമങ്ങളും ഒന്നിനും പരിഹാരമല്ല. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളാനും ശബ്ദിക്കുവാനും നമുക്ക് കഴിയണം.
മർദ്ദിതർക്കും, പലസ്തീന് ജനതക്ക് വേണ്ടിയും പ്രാര്ഥിക്കുവാനും, ഇസ്രാഈലും അമേരിക്കയും ചേര്ന്ന് പശ്ചിമേഷ്യയില് നടത്തുന്ന അധിനിവേശത്തിനെതിരെ നിലയുറപ്പിക്കാനും നാം ശ്രദ്ധിക്കണം. ലോകത്തെവിടെയുമുള്ള നന്മകളും, പ്രയാസങ്ങളും എല്ലാവരുടേതുമാണെന്ന മാനവിക ബോധം നാം വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത ക്രമമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വിശ്വാസ മൗലികതക്ക് വിരുദ്ധമായ ആശയങ്ങള് പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്ക്ക് കാരണമാകുമെന്നും ഈദ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.ഈദ് ഗാഹിനോടനുബന്ധിച്ചു വിസ്ഡം സ്റ്റുഡന്റസ് സംഘടിപ്പിച്ച കിഡ്സ് സ്പേസ് പ്രോഗ്രാം അത്യാഘർഷകമായി. ഖുർആൻ വിഞാന പരീക്ഷ യിൽ വിജയിച്ച കുട്ടികൾക്കു സർട്ടിഫിക്കറ്റും സമ്മാന ദാനവും നടത്തി. ആയിരത്തോളം വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു സ്നേഹ സന്ദേശം കൈമാറി.
