
എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷണം വിടാൻ സംസ്ഥാന സർക്കാർ
- യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷണം വിടാൻ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസിൽ തീരുമാനമെടുക്കേണ്ടത്. 13 സാക്ഷികളെ പുതുതായി ചേർത്ത് എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ഇതിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങൾ അന്വേഷണം പരിശോധിച്ചു.കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച്, പണം വായ്പ എടുത്തതിന്റെ രേഖകൾ റിപ്പോർട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപവും ഹാജരാക്കി
