
കാലവർഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം
- മഴക്കാല അപകടങ്ങളിൽ രണ്ട് പേർ മരിച്ചു
തിരുവനന്തപുരം: കാലവർഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മഴക്കാല അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. തിരുവനന്തപുരത്ത് സ്കൂളിന്റെ മതിൽ തകർന്നു വീണു. ചേർത്തലയിലും ചെന്ത്രാപ്പിന്നിയിലും വീടുകളിൽ വെള്ളം കയറിയതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. മലപ്പുറം ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.
മുക്കുതല സ്വദേശി മുഹമ്മദിന്റെ മകൻ മുർഷിദാണ് മരിച്ചത്.
പാലക്കാട് കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് ആണ് മരിച്ചത്.

പ്രവേശനോത്സവത്തിന്റ്റ സംസ്ഥാന തല ഉദ്ഘാടനം നടന്ന തിരുവനന്തപുരത്തെ പട്ടം ഗേൾസ് സ്കൂളിലെ മതിൽ തകർന്നു വീണു. ആർക്കും പരിക്കില്ല.തിരുവനന്തപുരം കുന്നത്തുകാൽ ചിമ്മിണ്ടി സ്കൂളിന് സമീപത്തെ റോഡ് തകർന്നു. റോഡിൻ്റെ കൽക്കെട്ട് ഇടിയുകയായിരുന്നു. നിരവധി സ്കൂൾ ബസുകൾ പോകുന്ന പാതയാണ് അപകടാവസ്ഥയിലായത്. പത്തനംതിട്ട കൂടൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ആൽമരം പിഴുത് വീണു. ആളപായമില്ല. ആലപ്പുഴ ചേർത്തലയിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ വീടുകളിൽ വെള്ളം കയറിയോടെ പ്രതിഷേധവുമായി നാട്ടുകാർ വെള്ളത്തിലിറങ്ങി.
