
പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും.ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹർജിക്കാരൻ്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്‌ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവർഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെ ഇത് താങ്ങാൻ പറ്റാത്ത ഭാരമാകുമെന്നുമാണ പൊതുതാൽപര്യ ഹർജിയിലെ വാദം പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.

പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പൊതുതാൽപര്യ ഹർജി പരിഗണിക്കരുതെന്ന് അഡ്വക്കറ്റ് ജനറൽ ജാജു ബാബു ആവശ്യപ്പെട്ടേക്കും.
