കൊയിലാണ്ടി സ്റ്റേഡിയം പാട്ടക്കരാർ പുതുക്കൽ: ഇന്ന് മന്ത്രിസഭാ സബ് കമ്മിറ്റി യോഗം

കൊയിലാണ്ടി സ്റ്റേഡിയം പാട്ടക്കരാർ പുതുക്കൽ: ഇന്ന് മന്ത്രിസഭാ സബ് കമ്മിറ്റി യോഗം

  • റവന്യൂ മന്ത്രി എ പി അനിൽകുമാർ അധ്യക്ഷനാകുന്ന മന്ത്രിസഭാ സബ് കമ്മിറ്റി യോഗം ഉച്ചയ്ക്ക് 12.30ന് നടക്കും.

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ചിരകാല അഭിലാഷമായ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ പാട്ടക്കരാർ സംബന്ധിച്ച വിഷയത്തിൽ ഇന്ന് (ജൂൺ 30) നിർണായക യോഗം ചേരും. റവന്യൂ മന്ത്രി എ പി അനിൽകുമാർ അധ്യക്ഷനാകുന്ന മന്ത്രിസഭാ സബ് കമ്മിറ്റി യോഗം ഉച്ചയ്ക്ക് 12.30ന് നടക്കും.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ നടത്തിപ്പിനായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി ജില്ലാ സ്പോർട്സ് കൗൺസിലിന് 25 വർഷത്തേക്ക് പാട്ടക്കരാർ നൽകിയിരുന്നു. 2023-ൽ കരാർ കാലാവധി അവസാനിച്ചെങ്കിലും സ്റ്റേഡിയം തിരികെ കൈമാറാതെ സ്പോർട്സ് കൗൺസിൽ കൈവശം തുടരുകയാണെന്നാണ് ആക്ഷേപം.

25 വർഷമായി സ്റ്റേഡിയം കൗൺസിലിന്റെ നിയന്ത്രണത്തിലായിട്ടും കൊയിലാണ്ടിയിലെ കായികരംഗത്തിന് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെയും കായികപ്രേമികളുടെയും പരാതി. ജിവിഎച്ച്എസ്എസ് ഉൾപ്പെടെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നടത്താനോ യുവജനങ്ങൾക്ക് കായിക മത്സരങ്ങൾ സംഘടിപ്പിക്കാനോ ആവശ്യമായ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഇല്ല. മഴക്കാലത്ത് ഡ്രെയിനേജ് സംവിധാനം തകരാറിലാകുന്നതിനെ തുടർന്ന് സ്റ്റേഡിയം ചളിക്കുളമായി മാറുന്നതും പതിവാണ്.

സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിനായി അത് വിനിയോഗിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കളിക്കാർക്കുള്ള ഡ്രസ്സിംഗ് റൂം, ശുചിമുറി, പവിലിയൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെ ഒരുക്കാൻ കഴിഞ്ഞിട്ടില്ല.

സ്റ്റേഡിയം നഗരസഭയ്ക്കും കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും കൈമാറണമെന്ന ആവശ്യം വർഷങ്ങളായി ശക്തമാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികളും യുവജനങ്ങളും വിവിധ ഘട്ടങ്ങളിൽ സമരങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ ജിവിഎച്ച്എസ്എസിലെ പി.ടി.എയും കൊയിലാണ്ടി നഗരസഭയും നൽകിയ ഹർജിയിൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് പരിഗണന മാറ്റിവെച്ചിരുന്നു.

വിഷയം എം.എൽ.എ പ്രവീൺകുമാറും എം.പി ഷാഫി പറമ്പിലും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്.

റവന്യൂ മന്ത്രിക്കു പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ്, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിമാർ, കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, നഗരസഭ സെക്രട്ടറി, ജില്ലാ കലക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കൊയിലാണ്ടിയിലെ മൂന്ന് പ്രധാന ഹൈസ്കൂളുകളിലെ വിദ്യാർഥികളും കായികപ്രേമികളും സ്റ്റേഡിയത്തിന്റെ ഭാവി സംബന്ധിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇന്നത്തെ യോഗത്തെ ഉറ്റുനോക്കുന്നത്.

ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )