
ജൂണിന് പിന്നാലെ ജൂലൈയിലും മഴ കുറയും ; കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ
- തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.
തിരുവനന്തപുരം : ജൂണിൽ പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാതിരുന്ന കേരളത്തിന് ജൂലൈയും ആശ്വാസമാകില്ലെന്ന സൂചന. സംസ്ഥാനത്ത് ഈ മാസവും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. കാലവർഷം ആരംഭിച്ച ജൂൺ മുതൽ ഇന്നലെവരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 33ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ജൂണിലെ മഴക്കുറവ് ജൂലൈയിലെ ശക്തമായ മഴ നികത്താറുണ്ടെങ്കിലും ഇത്തവണ അതിനുള്ള സാധ്യതയും മങ്ങുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ പറയുന്നതനുസരിച്ച്, പസഫിക് സമുദ്രത്തിൽ തുടരുന്ന എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് കാലവർഷത്തെ ദുർബലമാക്കുന്നത്. ജൂലൈയുടെ ആദ്യ ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കാമെങ്കിലും പിന്നീട് മഴയുടെ ശക്തി വീണ്ടും കുറയാനാണ് സാധ്യത. കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നതിന് ന്യൂനമർദ സംവിധാനങ്ങൾ നിർണായകമാണ്. എന്നാൽഇത്തവണ രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ എണ്ണം കുറവായതും, രൂപപ്പെട്ടവ വേഗത്തിൽ ദുർബലമാകുന്നതും മഴയുടെ അളവ് കുറയാൻ കാരണമായതായി കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.
