
ഓണത്തിരക്കിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊയിലാണ്ടി നഗരം
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: ഓണത്തിരക്ക് ശക്തമായതോടെ കൊയിലാണ്ടി നഗരം ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.ഇതിനിടെ സിവിൽ സ്റ്റേഷൻ ഭാഗം മുതൽ ഗുരുലം റോഡ് വരെയുള്ള ഭാഗത്ത് റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. റോഡിന്റെ വശത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ ആഴം വ്യക്തമായി മനസ്സിലാകാത്തതിനാൽ വാഹനങ്ങൾ അപകടസാധ്യത ഒഴിവാക്കാൻ വേഗത കുറയ്ക്കുകയും ഇതുമൂലം ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുകയും ചെയ്യുന്നു. ഇരുചക്ര വാഹനങ്ങൾ പോലും വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

ഓണത്തിന് മുമ്പുതന്നെ നഗരത്തിലെ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഉന്നതതലത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഓണക്കാലത്ത് പോലും കാര്യമായ നടപടികൾ നടപ്പാക്കാനായില്ലെന്നതാണ് നാട്ടുകാരുടെ പരാതി.ഓണത്തിരക്ക് ഇനിയും ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതം സുഗമമാക്കാനും റോഡരികിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
