അപകടഭീഷണിയായി റോഡിലും ഫുട്പാത്തിലും കിടക്കുന്ന ഒപ്റ്റിക് ഫൈബർ കേബിൾ അടിയന്തരമായി നീക്കം ചെയ്യണം

അപകടഭീഷണിയായി റോഡിലും ഫുട്പാത്തിലും കിടക്കുന്ന ഒപ്റ്റിക് ഫൈബർ കേബിൾ അടിയന്തരമായി നീക്കം ചെയ്യണം

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: ഈസ്റ്റ് റോഡ് ജംഗ്ഷനിൽ റോഡിലേക്കും ഫുട്പാത്തിലേക്കും ഒപ്റ്റിക് ഫൈബർ കേബിൾ അഴിഞ്ഞുവീണ് കിടക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണി ഉയർത്തുകയാണ്.തിരക്കേറിയ ജംഗ്ഷനിൽ കേബിൾ യഥാസ്ഥാനത്ത് ഉറപ്പിച്ച് സ്ഥാപിക്കാതെ റോഡിലേക്കും നടപ്പാതയിലേക്കും വീണുകിടക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ അപകടത്തിന് കാരണമാകുന്ന സാഹചര്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കേബിൾ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ അപകടസാധ്യത കൂടുതൽ വർധിക്കുന്നു.ഏതെങ്കിലും ഇരുചക്ര വാഹനത്തിന്റെ ചക്രത്തിൽ കേബിൾ കുടുങ്ങുകയോ യാത്രക്കാരുടെ കാലിൽ കുരുങ്ങുകയോ ചെയ്താൽ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ കേബിൾ മറ്റ് വാഹനങ്ങളിൽ കുടുങ്ങിയാൽ റോഡിൽ കൂട്ടിയിടിക്കും ഉൾപ്പെടെയുള്ള അപകടങ്ങൾക്കും ഇത് കാരണമാകാം.

ഇത്തരം അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട കേബിൾ സ്ഥാപിച്ച സ്ഥാപനവും അധികൃതരും അടിയന്തരമായി ഇടപെട്ട് കേബിൾ റോഡിൽ നിന്നും ഫുട്പാത്തിൽ നിന്നും മാറ്റി യഥാസ്ഥാനത്ത് സുരക്ഷിതമായി ഉറപ്പിച്ച് സ്ഥാപിക്കണം. കൂടാതെ ഭാവിയിൽ ഇത്തരം കേബിളുകൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാകാത്ത വിധം സുരക്ഷിതമായി സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണം.ഒരു അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം, അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )