
സാമൂഹിക നീതിയും ക്ഷേമ പദ്ധതികളും സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
- സുപ്രധാന മേഖലകളിലെ പ്രവർത്തനഫലങ്ങളും പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും.
ന്യൂഡൽഹി: സാമൂഹിക നീതിയും ക്ഷേമ പദ്ധതികളും സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. സുപ്രധാന മേഖലകളിലെ പ്രവർത്തനഫലങ്ങളും പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും. ഓരോ മന്ത്രാലയത്തിന്റേയും എല്ലാ മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.വിദ്യാഭ്യാസം, സാമൂഹികനീതി, ശാക്തീകരണം, ആരോഗ്യം, നഗരവികസനം, കൃഷി എന്നീ മേഖലകളിലെയെല്ലാം പ്രവർത്തന പുരോഗതി വിലയിരുത്തും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അഴിമതികളില്ലാതെയും കാര്യക്ഷമതയോടുംകൂടി അർഹരായവരിലേക്ക് എത്തണണെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടു.

പി.എൻ. ജൻധൻ യോജന, പി.എം. ഉജ്ജ്വല യോജന, പി.എം. ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പി.എം. കിസാൻ, ജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ ക്ഷേമപദ്ധതികളുടെ തൽസ്ഥിതി യോഗം വിലയിരുത്തും പദ്ധതികളുടെ ലക്ഷ്യപ്രാപ്‌തി, ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടേയും പുരോഗതിയും സമഗ്ര വികസനവും മുൻനിർത്തിയായിരിക്കും മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്തുക. പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ അവയുടെ കൃത്യമായ നടത്തിപ്പും ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും നിർണായകമാണെന്ന സന്ദേശമാണ് ഈ യോഗത്തിലൂടെ നൽകുന്നത്.
