ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്

ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്

  • കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ്

കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്‌ഡ് നടന്നു. മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു‌. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ല. മൊഴിപ്പകർപ്പൊക്കെ അവരുടെ കൈയിൽ കാണുമല്ലോ. വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തിരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. ‘നമ്മൾ ബേപ്പൂർ’ എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ട്. അതിൽ വിവിധ മേഖലകളിലുള്ള ആളുകളുമുണ്ട്. എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എന്നാൽ എല്ലാറ്റിനോടും മിണ്ടാതിരിക്കാനാകില്ല.ഇ.ഡിയെ പോലൊരു കേന്ദ്ര ഏജൻസി നൽകുന്ന കാര്യങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ല. ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും. ഒരു തരത്തിലും ഭയപ്പെടില്ല. ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം. ബാക്കിയെല്ലാം വഴിയേ തെളിയും. ജനങ്ങൾ ഒപ്പമുണ്ടാകും. കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല, നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ബിസിനസിനെക്കുറിച്ച് വീണ നൽകിയ മൊഴി കൂടി ചോർത്താൻ ഇ.ഡിയോയോട് ആവശ്യപ്പെടണം. രേഖയ്ക്ക് താഴെ ഇടുന്ന ഒപ്പ് അതിലെ കാര്യങ്ങൾ സമ്മതിച്ചു എന്നതിന്റെ തെളിവല്ല. പലരും ഭയന്ന് മിണ്ടാതിരിക്കുകയാണ്. “മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’ എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്. തുടങ്ങാനിരിക്കുന്ന ബിസിനസുമായി ബന്ധപ്പെടുത്തി കഥകൾ മെനയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )