
ഡൽഹി ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു
- താഹിർപുരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്
ന്യൂഡൽഹി • ഡൽഹി ദിൽഷാദ് ഗാർഡനടുത്തുള്ള താഹിർപുരിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. താഹിർപുരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് 4:30-ഓടെയാണ് അപകടമുണ്ടായത്. തകർന്നു വീണ കെട്ടിടത്തിനടിയിൽപ്പെട്ട സതീശനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സതീശന്റെ മൃതദേഹം നിലവിൽ ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിൽ പരുക്കേറ്റ മറ്റ് നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സബിതയാണ് മരിച്ച സതീശന്റെ ഭാര്യ. മകൾ ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണു . കെട്ടിടത്തിൽ ബേക്കറി ബോർമ്മ നടത്തുകയായിരുന്നു സതീശൻ. ഡൽഹി സത്യനികേതനിൽ കെട്ടിടം തകർന്ന് വീണ് 7 പേര് മരിച്ച് ഒരുമാസം കഴിയും മുന്നെയാണ് അടുത്ത അപകടം.
