
കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന പ്രചാരണം ചിലർ ബോധപൂർവം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
- സർക്കാർ മാറിയപ്പോൾ എല്ലാത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇനി എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ ഞങ്ങൾ ആരും എതിരല്ല
കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന പ്രചാരണം ചിലർ ബോധപൂർവം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാർ മാറിയെന്നത് കൊണ്ട് എല്ലാത്തിലും പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. പഴയ സിനിമകളിലെ നമ്പറാണ് ഇറക്കിയത്. ഇത്തരം വാർത്ത സൃഷ്ടിക്കാൻ ചില മാധ്യമങ്ങളും മുൻപന്തിയിലുണ്ട്. ഇതിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായികമേളയിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം. എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് അറസ്റ്റിലായ ജിജോ ജെയിംസ്.അറസ്റ്റിലായ അധ്യാപകനെതിരെ തുടർ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നടന്ന കാര്യങ്ങൾ ഒറ്റക്ക് ചെയ്യുന്നതല്ല. സാമൂഹ്യ വിരുദ്ധ പ്രവർത്തനമാണ്. വളരെ പ്രതീക്ഷയോടുകൂടി മാസങ്ങളും വർഷങ്ങളും എടുത്ത് പരിശീലനം ചെയ്ത് വരുന്ന കുട്ടികളുടെ കായികമേള കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നയാൾ സാമൂഹ്യ വിരുദ്ധനാണ്. ഈ ഒരുതരം മോശപ്പെട്ട മാനസികാവസ്ഥക്ക് മാറ്റം വരണം.

സർക്കാർ മാറിയപ്പോൾ എല്ലാത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇനി എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ ഞങ്ങൾ ആരും എതിരല്ല. ഇന്നലെ നടന്നത് പഴയ സിനിമകളിലെ നമ്പറാണ്. ഭക്ഷണമൊക്കെ കഴിച്ച് അവസാനം പോക്കറ്റിൽ കൊണ്ടുപോകുന്ന എന്തെങ്കിലും ഒരുസാധനം അതിലിട്ട് പരാതിപ്പെടുന്ന രീതി. എത്ര നീചമായ പ്രവൃത്തിയാണിത്. മാധ്യമങ്ങളിൽ ചിലരും ഇതിന് കൂട്ടുനിൽക്കുന്നു. വാർത്തകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. പ്രതിയുടെ കൂടെ രണ്ട് ചാനലുകാർ ഉണ്ടായിരുന്നു. അവർ മാത്രം എങ്ങനെ അവിടെയെത്തി. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം -മന്ത്രി പറഞ്ഞു. അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.സംസ്ഥാന സ്കൂകൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകൻ പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെപിടിയിലായത്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
