നമ്മുടെ കൊയിലാണ്ടി ഇനി മുതല്‍ സ്മാര്‍ട് കൊയിലാണ്ടി

നമ്മുടെ കൊയിലാണ്ടി ഇനി മുതല്‍ സ്മാര്‍ട് കൊയിലാണ്ടി

നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പ്രൗഡോജ്ജ്വല ചടങ്ങില്‍ വെച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ദിവ്യ എസ് അയ്യര്‍ ഐഎഎസ് ആണ് ഓൺലൈൻ വഴി സ്മാര്‍ട് കൊയിലാണ്ടി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്

കൊയിലാണ്ടി: മാലിന്യ സംസ്‌കരണവും സൗന്ദര്യവത്ക്കരണവും ഏകോപിപ്പിച്ച് കൊയിലാണ്ടി നഗരസഭയില്‍ ബൃഹത് പദ്ധതി. ‘സ്മാര്‍ട് കൊയിലാണ്ടി’ എന്ന അഭിമാന പദ്ധതിയ്ക്ക് നവംബര്‍ 12ന് തുടക്കം കുറിച്ചു. നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പ്രൗഡോജ്ജ്വല ചടങ്ങില്‍ വെച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ദിവ്യ എസ് അയ്യര്‍ ഐഎഎസ് ആണ് ഓൺലൈൻ വഴി സ്മാര്‍ട് കൊയിലാണ്ടി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നഗരസഭാധ്യക്ഷന്‍ യു.കെ ചന്ദ്രന്‍ അധ്യക്ഷന വഹിച്ചു.

ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ശുചിത്വ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. പ്രശസ്‌ത ഗായകൻ ഷാഫി കൊല്ലം സ്മാർട്ട് കൊയിലാണ്ടിയുടെ തീം സോങ്ങ് പ്രകാശനം ചെയ്തു.

മാലിന്യ സംസ്‌കരണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പുതിയ പദ്ധതികള്‍ കൂടി നടപ്പിലാക്കി കൊയിലാണ്ടി നഗരസഭയെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കും. വീടുകളില്‍ നിന്ന് ആരംഭിക്കുന്ന മാതൃകാ ശുചീകരണം സ്ഥാപനങ്ങളും വിദ്യാലയങ്ങളും മറ്റെല്ലാ പൊതുവിടങ്ങളും ഏറ്റെടുക്കും വിധമാണ് സ്മാര്‍ട് കൊയിലാണ്ടി നടപ്പിലാക്കുക. മൂന്നു വര്‍ഷത്തിനകം നഗരസഭയിലെ എല്ലാ വീട്ടിലും മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കും. മാലിന്യം വലിച്ചെറിയുന്ന സമീപനം ഒഴിവാക്കി മാലിന്യം സംസ്‌കരിക്കാന്‍ സഹായിക്കുന്ന ചിന്ത നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കും.

നഗര മധ്യത്തില്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. ചെടികളും പൂക്കളുമെല്ലാമായി ഹരിത പാതകള്‍ നമ്മുടെ കൊയിലാണ്ടി ടൗണില്‍ വരാന്‍ പോകുന്നു. ഇപ്പോഴത്തെ ദേശീയപാതയില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡാണ് ആദ്യമായി ഹരിതപാതയാക്കി മാറ്റുക. അതിന് ശേഷം ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ 46 റോഡുകള്‍ കൂടി ഹരിത പാതകളാകും. ആരൊക്കെയോ ചേര്‍ന്ന് മാലിന്യം വലിച്ചെറിഞ്ഞ പൊതുവിടങ്ങള്‍ക്ക് പകരം പലവര്‍ണങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളാകും എല്ലാവരേയും ഇനി കൊയിലാണ്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുക. നഗരത്തില്‍ നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ പോകുകയാണ്.

സ്‌കൂളുകളിലും കോളേജുകളിലും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന സ്മാര്‍ട് കോര്‍ണറുകള്‍ വഴി മാലിന്യ പരിപാലനത്തേക്കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ എത്തിക്കും. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും സ്മാര്‍ട് കൊയിലാണ്ടിയ്ക്കായി പ്രത്യേകം വാര്‍ഡ് സഭകള്‍ ചേര്‍ന്ന് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. നഗരസഭാതല സമിതിയുടെ രൂപീകരണവും നടന്നു.

ജില്ല ജോയിൻ്റ് ഡയരക്ടർ എൻ.കെ ഹരീഷ്, ശുചിത്വ മിഷൻ കോർഡിനേറ്റർ പ്രമോദ് കെ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി സുധീഷ് ചടങ്ങിന് സ്വാഗതം പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ സി.ടി ബിന്ദു ഉപഹാര സമർപ്പണം നടത്തി. നഗരസഭാ സെക്രട്ടറി പാര്‍വതി ചന്ദ്ര ഐഎഎസ് പദ്ധതി വിശദീകരിച്ചു. മുൻ എം.എൽ.എ കെ. ദാസൻ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എ സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ എം, കെ.എം നജീബ് എന്നിവർ സംസാരിച്ചു. മുൻ നഗരസഭ അധ്യക്ഷൻമാർ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികൾ എന്നിവ ചടങ്ങില്‍ സംബന്ധിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ പി.എ വിനോദ് നന്ദി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിലെ വിവിധ മാലിന്യ പരിപാലന മാതൃകകൾ അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )