
ഒമാനിലുടനീളം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബലിപെരുന്നാൾ ആഘോഷിച്ചു
- വിവിധ മലയാളി കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലുമായി വിപുലമായ രീതിയിലാണ് പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചത്
മസ്കത്ത്: ഒമാനിലുടനീളം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സോഹാറിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കിൽ നടന്ന പെരുന്നാൾ നമസ്ക്‌കാരത്തിൽ പങ്കെടുത്തു. രാജകുടുംബാംഗങ്ങളും വിവിധ സുരക്ഷാ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും സുൽത്താനെ അനുഗമിച്ചു. രാജ്യത്തെ ഔഖാഫ് മസ്ജിദുകളിലും പുലർച്ചെ തന്നെ പ്രത്യേക പെരുന്നാൾ നമസ്‌കാരങ്ങൾ നടന്നു.

വിവിധ മലയാളി കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലുമായി വിപുലമായ രീതിയിലാണ് പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചത്. മസ്‌കത്ത്, സൊഹാർ, സലാല, ഇബ്രി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നമസ്കാരങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗാല അൽ റൂസൈകി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്‌ദുൾ കരീം നേതൃത്വം നൽകി.
CATEGORIES News
