
ഓണക്കാലത്തെ വരവേൽക്കാൻ സപ്ലൈകോയും ഒരുങ്ങി; ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളുമാണ് സപ്ലൈകോ ഇത്തവണ വിപണിയിലെത്തിയത്
- അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാനക്കിറ്റ് 1,000 രൂപയ്ക്ക് സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാണ്.
തിരുവനന്തപുരം:ഓണക്കാലത്തെ വരവേൽക്കാൻ സപ്ലൈകോയും ഒരുങ്ങി. ഓണസദ്യക്കായുള്ള അവശ്യ സാധനങ്ങളും പ്രമുഖ ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്പെടുത്തി വിവിധ തരത്തിലുള്ള ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളുമാണ് സപ്ലൈകോ ഇത്തവണ വിപണിയിലെത്തിക്കുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാനക്കിറ്റ് 1,000 രൂപയ്ക്ക് സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാണ്. ഇതിനുപുറമെ കൂടുതൽ വിഭവങ്ങളുള്ള പ്രത്യേക ഗിഫ്റ്റ് കിറ്റുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നൽകും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയിൽ 1500 രൂപയ്ക്ക് ലഭിക്കുന്നത്. അതേസമയം 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റിൽ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങി ഒൻപതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്നേച്ചർ കിറ്റും വിൽപ്പനയ്ക്കെത്തും.

ഓണക്കിറ്റുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നൽകുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലറ്റ്ലെറ്റിൽനിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. അതിന്റെ കൂടെ സമ്മാനക്കൂപ്പണുകളും ഉണ്ട് കേട്ടോ. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. സപ്ലൈകോ സ്റ്റോറുകൾ കിറ്റ് വിതരണവുമായി പൂർണമായി തയ്യാറെടുക്കുന്നതോടെ ഈ വർഷത്തെ ഓണച്ചന്ത സജീവമാകും.
