ഓണത്തിന് ഇത്തവണ മധുരം കുറയും; ബേക്കറി മേഖലയിൽ പ്രതിസന്ധി

ഓണത്തിന് ഇത്തവണ മധുരം കുറയും; ബേക്കറി മേഖലയിൽ പ്രതിസന്ധി

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: ഓണക്കാലത്ത് ബേക്കറി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുമ്പോഴും, ഉൽപ്പാദനച്ചെലവിലുണ്ടായ വൻ വർധനവ് ബേക്കറി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പഞ്ചസാര, വെളിച്ചെണ്ണ, മറ്റ് പാചക എണ്ണകൾ തുടങ്ങി ബേക്കറി ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ മിക്ക അസംസ്കൃത വസ്തുക്കളുടെയും വില കുത്തനെ ഉയർന്നതാണ് വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി.

അടുത്തിടെ ഗ്യാസ് വില വർധിച്ചതിനെ തുടർന്ന് ബേക്കറി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരായിരുന്നു. എന്നാൽ ഓണക്കാലത്ത് വീണ്ടും വില ഉയർത്തിയാൽ ഉപഭോക്താക്കളെ ബാധിക്കുന്നതിനൊപ്പം കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അതിനാൽ വില വർധിപ്പിക്കാതെ ഗുണനിലവാരം നിലനിർത്തി മുന്നോട്ട് പോകുക എന്നത് വലിയ വെല്ലുവിളിയാണ്.

ഓണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നായ ചിപ്സ്, ശർക്കര ഉപ്പേരി, വറുത്തുപ്പേരി തുടങ്ങിയവയുടെ വില വർധിപ്പിക്കാതെ നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നത് പ്രായോഗികമല്ലെന്ന് ബേക്കറി അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റും മലബാർ ചിപ്സ് ഉടമയുമായ മനീഷ് പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് ഉൽപ്പാദനച്ചെലവിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ് ബേക്കറി വ്യാപാരികൾ. വിലക്കയറ്റത്തിനിടയിലും ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് ബിസിനസ് പിടിച്ചുനിർത്തുകയാണ് ലക്ഷ്യമെന്ന് ബിന്ദു ബേക്കറി ഉടമ ബൈജു പറഞ്ഞു.

ഓണക്കാലത്തെ വിൽപ്പനയാണ് വർഷത്തിലെ പ്രധാന പ്രതീക്ഷകളിലൊന്ന്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന-ഗ്യാസ് ചെലവുകളിലെ വർധനവും ഒരുവശത്ത്, ഉപഭോക്താക്കളുടെ വാങ്ങൽശേഷിയിലെ കുറവും മറുവശത്ത് വ്യാപാര സമ്മർദ്ദമാണ് ബേക്കറി മേഖലയ്ക്ക് നേരിടേണ്ടിവരുന്നത്.

ഓണത്തിന്റെ മധുരം നിലനിർത്തണമെങ്കിൽ വിലയും ഗുണനിലവാരവും തമ്മിൽ ഒരു സമതുലിതാവസ്ഥ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇത്തവണ ബേക്കറി വ്യാപാരികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )