
കന്നൂരിൽ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നി രക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് താഴെയിറക്കി
- സമീപവാസിയായ തയ്യുള്ളതിൽ ഗോപിയാണ് ഇലക്ട്രിക് പോസ്റ്റിൽ കയറി ഭീഷണി മുഴക്കിയത്.
കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കന്നൂരിൽ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നി രക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് താഴെയിറക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആളുകളെ മുൾമുനയിലാക്കിയ സംഭവം. സമീപവാസിയായ തയ്യുള്ളതിൽ ഗോപിയാണ് ഇലക്ട്രിക് പോസ്റ്റിൽ കയറി ഭീഷണി മുഴക്കിയത്.തന്റെ മൽസ്യ ബന്ധന വലയും മറ്റും നശിപ്പിച്ചെന്നു പറഞ്ഞാണ് ഗോപി ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. സംഭവം നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. 11 കെവി ലൈൻ കടന്നുപോകുന്നതിനാൽ നാട്ടുകാർ ആശങ്കയിലായി. വിവരമറിഞ്ഞ ഉടൻ തന്നെ കെഎസ്ഇബി അധികൃതർ സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി ബന്ധം വിഛേദിച്ചു.

അപ്പോഴേക്കും എസ്എഫ്ആർഒ ബിബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. സേനയിലെ ജിനീഷും സുജിത്തും വലിയ ലാഡർ ഉപയോഗിച്ച് ഇലക്ട്രിക് പോസ്റ്റിൽ കയറി ഗോപിയെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. പിന്നീട് ഇയാളെ കുടുംബത്തോടൊപ്പം പറഞ്ഞയച്ചു. പോലീസും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. ഈ സംഭവത്താൽ രണ്ടുമണിക്കൂറോളമാണ് കൊയിലാണ്ടി കെഎസ്ഇബി സെക്ഷനിൽ വൈദ്യുതി വിതരണം നിലച്ചത്
