
കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകും
- ഇത് ഉൾപ്പെടെ 13 കാര്യങ്ങളാണ് 100 ദിന കർമപദ്ധതിയിലൂടെ കെഎസ്ആർടിസി നടപ്പാക്കാൻ പോവുന്നത്
തിരുവനന്തപുരം:കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകും. പദ്ധതി സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി. ഇത് ഉൾപ്പെടെ 13 കാര്യങ്ങളാണ് 100 ദിന കർമപദ്ധതിയിലൂടെ കെഎസ്ആർടിസി നടപ്പാക്കാൻ പോവുന്നത്. കെഎസ്ആർടിസി ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ കോടതി മുഖാന്തരമാണ് നഷ്ടപരിഹാരം. ഇത് കിട്ടാനും സമയമെടുക്കും. അതിനൊരു മാറ്റമാണ് ഗതാഗത വകുപ്പ് ആലോചിച്ചത്. വേഗത്തിൽ കുറച്ച് പണമെങ്കിലും കിട്ടുന്നത് ഇരകൾക്ക് ഒരാശ്വാസമാണ്. പരിക്കേൽക്കുന്നവർക്ക് ആശുപത്രി ചെലവിന് ഉപകരിക്കുന്ന ഒരു പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. അപകടമുണ്ടാകുന്ന ദിവസം തന്നെ തുക നൽകുന്ന രീതി.

ആദ്യ നഷ്ടപരിഹാരമെന്ന നിലയിൽ 10000 രൂപ വരെ നൽകുന്നതാണ് സ്പോട്ട് നഷ്ടപരിഹാര പദ്ധതി.കെഎസ്ആർടിസി ബസിടിച്ച് വാഹനം തകരുന്നവർക്കും സ്പോട്ടിൽ നഷ്ടപരിഹാരം കൊടുക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎ പണ്ട്, തദ്ദേശ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് ബസുകൾ വാങ്ങുന്ന പരിപാടിയും 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും മികച്ച ഡ്രൈവർ കണ്ടക്ടർ അവാർഡും നൽകും. റെയിൽ മാതൃകയിൽ വെയ്റ്റിങ് ലിസ്റ്റ്, തത്കാൽ ബുക്കിംഗ് എന്നിവ നടപ്പിലാക്കുന്നതും കർമ പരിപാടിയിലുണ്ട്
