
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓട്ടോ സമരം; യാത്രക്കാർ ദുരിതത്തിൽ
- ഓട്ടോ പാർക്കിംഗ് പുനഃസ്ഥാപിക്കണം; അടിയന്തര ഇടപെടൽ വേണമെന്ന് യാത്രക്കാർ
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർമാർ ദിവസങ്ങളായി നടത്തിവരുന്ന സമരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സമരത്തെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാത്തതിനാൽ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് യാത്ര തുടരാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.റെയിൽവേ പാർക്കിംഗ് ഫീസ് കുത്തനെ വർധിപ്പിച്ചതാണ് സമരത്തിന് കാരണമെന്നാണ് അറിയുന്നത്. ഇതോടെ സ്റ്റേഷനിലെത്തുന്നവർക്കും ട്രെയിനിൽ വന്നിറങ്ങുന്നവർക്കും ഓട്ടോറിക്ഷാ സർവീസ് സ്റ്റേഷൻ പരിസരത്ത് ലഭിക്കാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷ ലഭിക്കണമെങ്കിൽ ഏകദേശം 200 മീറ്റർ അകലെയുള്ള മെയിൻ റോഡിലേക്ക് എത്തണം.

ദൂരസ്ഥലങ്ങളിൽനിന്ന് ലഗേജുകളുമായി എത്തുന്ന യാത്രക്കാരും വയോധികരും സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ട്രെയിനിൽ വന്നിറങ്ങി ലഗേജുകളുമായി മെയിൻ റോഡിലേക്ക് നടക്കേണ്ടിവരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ഓട്ടോ ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം യാത്രക്കാരുടെ ദുരിതത്തിനും പരിഹാരം കാണേണ്ടതുണ്ടെന്നാണ് പൊതുവായ ആവശ്യം. റെയിൽവേ അധികൃതരും ബന്ധപ്പെട്ടവരും അടിയന്തരമായി ഇടപെട്ട് ഫീസ് വർധനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ച് സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷാ സർവീസ് പുനഃസ്ഥാപിക്കണമെന്നാണ് ട്രെയിൻ യാത്രക്കാരുടെ ആവശ്യം.
