കൊയിലാണ്ടി സ്റ്റേഡിയത്തിൽ സൈക്കിൾ പോളോ വിദ്യാർഥികളെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടതായി പരാതിസെക്യൂരിറ്റി ജീവനക്കാരന്റെ നടപടിക്കെതിരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

കൊയിലാണ്ടി സ്റ്റേഡിയത്തിൽ സൈക്കിൾ പോളോ വിദ്യാർഥികളെ ഗേറ്റിനുള്ളിൽ പൂട്ടിയിട്ടതായി പരാതിസെക്യൂരിറ്റി ജീവനക്കാരന്റെ നടപടിക്കെതിരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

  • ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശീലന ക്യാമ്പിനിടെയാണ് അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ജീവനക്കാരൻ സ്റ്റേഡിയം ഗേറ്റ് അടച്ച് പോയതെന്നാണ് ടീം മാനേജർ അറിയിച്ചത്.

കൊയിലാണ്ടി: ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്താനെത്തിയ വിദ്യാർഥികളെ കൊയിലാണ്ടി സ്റ്റേഡിയത്തിനുള്ളിൽ ഗേറ്റ് അടച്ച് തടഞ്ഞുവെച്ചതായി പരാതി. ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശീലന ക്യാമ്പിനിടെയാണ് അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ജീവനക്കാരൻ സ്റ്റേഡിയം ഗേറ്റ് അടച്ച് പോയതെന്നാണ് ടീം മാനേജർ അറിയിച്ചത്.പരിശീലനത്തിന് അനുമതി സ്പോർട്സ് കൗൺസിൽ സെക്രട്ടറി നേരിട്ട് വിളിച്ച് ചോദിച്ചതാണ് എന്ന് ടീം മാനേജർ പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണിക്ക് അടയ്ക്കുന്ന സ്റ്റേഡിയത്തിൽ കായികപരിശീലനം നടക്കുന്ന സമയത്ത് വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് സ്പോർട്സ് കൗൺസിലിന്റെ ഉത്തരവാദിത്തമാണെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പകൽസമയങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ അനുമതി ലഭിക്കാത്ത സാഹചര്യവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.സ്റ്റേഡിയം സ്കൂൾ വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും പരിശീലനത്തിനും കളിക്കുമായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് സംഭവം. കായികരംഗത്ത് വളർന്നുവരുന്ന വിദ്യാർഥികൾക്ക് പരിശീലനസൗകര്യം നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും സ്റ്റേഡിയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )