
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിനു നാളെ തുടക്കം
- 11 മുതൽ 20 വരെ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ ചിറക്കൽ കാളിദാസൻ പിഷാരികാവിലമ്മയുടെ തിടമ്പേറ്റും
കൊയിലാണ്ടി:ദിനരാത്രങ്ങൾ ഭക്തിസാന്ദ്രമാക്കാൻ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിനു തുടക്കമാകുന്നു. ഒക്ടോബർ 11 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന നവരാത്രി മഹോൽസവത്തിന്റെ ഒരുക്കം പൂർത്തിയായതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ, എക്സി. ഓഫീസർ എൻ സതീഷ് കുമാർ, ക്ഷേത്രം മാനേജർ അനിൽചെട്ടി മഠം എന്നിവർ അറിയിച്ചു. 18ന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, 19ന് ദുർഗാഷ്ടമി, 20ന് മഹാനവമി. 21 ന് വിജയദശമി നാളിൽ സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ, വിദ്യാരംഭം എന്നിവ നടക്കും.

11 മുതൽ 20 വരെ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ ചിറക്കൽ കാളിദാസൻ പിഷാരികാവിലമ്മയുടെ തിടമ്പേറ്റും. 11ന് രാവിലെ ക്ഷേത്രത്തിലെത്തുന്ന കാളിദാസനെ ആന പ്രേമികൾ സ്വീകരിച്ച് ക്ഷേത്രത്തിലേക്കാനയിക്കും. 21 വരെ എന്നും രാവിലെ സംഗീതാരാധനയും വൈകീട്ട് നൃത്ത നൃത്യങ്ങളും അരങ്ങേറും. ക്ഷേത്ര മേൽശാന്തി എൻ. നാരായണൻ മൂസ്സതിന്റെ നേതൃത്വത്തിൽ പ്രമുഖർ വിദ്യാരംഭത്തിന് നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങൾക്ക് കാലത്ത് എട്ട് മുതൽ പ്രഭാത ഭക്ഷണവും 11.30 മുതൽ 2.30 വരെ പ്രസാദഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
