
കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും
- എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, അങ്കണവാടി ഹെൽപ്പർമാർ എന്നിവരെയാണ് ബൂത്തിൽ സന്നദ്ധസേവനത്തിനായി നിയോഗിക്കുക
കോഴിക്കോട്: നിയമസഭതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കാൻ വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും. എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, അങ്കണവാടി ഹെൽപ്പർമാർ എന്നിവരെയാണ് ബൂത്തിൽ സന്നദ്ധസേവനത്തിനായി നിയോഗിക്കുക.
ഇവർക്ക് ആവശ്യമായ പരിശീലനം നൽകും.ആവശ്യപ്പെട്ടാൽ ഭിന്നശേഷിക്കാർക്കും 85 വയസ്സ് പിന്നിട്ടവർക്കും വോട്ട് രേഖപ്പെടുത്താൻ വീൽചെയർ സൗകര്യവും വീട്ടിൽനിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കും. ഭിന്നശേഷി വോട്ടർമാർക്ക് വോട്ടിങ് പ്രക്രിയ ലളിതമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ വികസിപ്പിച്ച ‘സാക്ഷം’ (Saksham E-CI) മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്ത് വോട്ടർമാർക്ക് വീൽചെയർ, വാഹനസൗകര്യം എന്നിവ മുൻകൂട്ടി ആവശ്യപ്പെടാം.
