
ഡൽഹിയെ വിറപ്പിക്കാനായി വീണ്ടും പാറ്റകൾ;കനത്ത സുരക്ഷയൊരുക്കി പൊലീസ്
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം രാവിലെ ആരംഭിക്കും
ന്യൂഡൽഹി: കോക്രോച്ച്ജനതാ പാർട്ടിയുടെ (സിജെപി) ജന്തർ മന്തർ പ്രതിഷേധം നടത്താനിരിക്കെ ഡൽഹിയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്.ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം രാവിലെ ആരംഭിക്കും.പ്രതിഷേധത്തിനായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ മുംബയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. മറ്റ് സിജെപി നേതാക്കളും ഒപ്പമുണ്ട്. ഡൽഹി വിമാനത്താവളത്തിൽ വച്ച് പൊലീസ് ദീപ്കെയെ തടയാൻ സാദ്ധ്യതയുണ്ട്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാമതും സമരത്തിനിറങ്ങുന്നത്. രാവിലെ 10 മണിയോടെ ജന്തർമന്തറിലെത്തണമെന്നാണ് പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദേശം. അതേസമയം, പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്.

മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് ഉൾപ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. ലോക്കൽ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്-കർത്തവ്യ പഥിന് നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്.കൂടാതെ ഊബർ, ഓല പോലുള്ള സംവിധാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതുനേതാക്കളും സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. എന്തൊക്കെ നിയന്ത്രണങ്ങളുണ്ടായാലും സിജെപി ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്നാണ് അഭിജീത് ദീപ്കെ നേരത്തേ പ്രതികരിച്ചത്.
