നേപ്പാൾ ദുരന്തത്തിനു കാരണം:ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും

നേപ്പാൾ ദുരന്തത്തിനു കാരണം:ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും

  • കാലാവസ്ഥാ ഗവേഷക സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ പുറത്തിറക്കിയ വിശകലനത്തിലാണ് ഈ സൂചന

ഡൽഹി: ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും (തീവ്രത: 7.8) നേപ്പാളിൽ ഹിമപർവത തെന്നിമാറൽ ദുരന്തത്തിനു കാരണമായതായി നിഗമനം. കാലാവസ്ഥാ ഗവേഷക സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ പുറത്തിറക്കിയ വിശകലനത്തിലാണ് ഈ സൂചന. കാർബൺ-പെട്രോളിയം വമനം മൂലമുണ്ടായ മനുഷ്യനിർമിത താപനം മഞ്ഞുപാളികളെ ഉരുക്കുന്നതിന് ഒപ്പം ഹിമാലയൻ മലനിരകളെ ദുർബലമാക്കുന്നതായും പഠനം നടത്തിയ ലണ്ടൻ ഇംപീരിയൽകോളജിലെ ബെൻ ക്ലർക്
പറഞ്ഞു. തീവ്രമഴയുടെ ഫലമല്ല നേപ്പാൾദുരന്തം. അന്തരീക്തപവർധന മൂലം മഞ്ഞുപാളികൾ വർഷം തോറും മില്ലീമീറ്റർ കണക്കിനാണെങ്കിലും ശോഷിക്കുന്നുണ്ട്. പാറയും മണ്ണും മഞ്ഞും ചേർന്ന് യുഗങ്ങൾക്കു മുൻപേ തുടങ്ങിയ ഭൗമബന്ധത്തെ ഇതു
ദുർബലമാക്കുന്നു.5000 മീറ്ററിനു മുകളിൽ, വർഷം മുഴുവൻ മഞ്ഞു മൂടിക്കിടന്നിരുന്ന ഇടങ്ങളിൽ ഗവേഷകർ സ്ഥാപിച്ചിരുന്ന പല മഞ്ഞുമാപിനികളും ചില മാസങ്ങളിലെങ്കിലും മഞ്ഞില്ലാക്കുന്നുകളിലെ നോക്കുകുത്തികളായി മാറിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

ഇത്രയും കാലം പൂജ്യം ഡിഗ്രിയിൽ മഞ്ഞിനടിയിലായിരുന്ന പാറകളിലേക്ക് സൂര്യവെളിച്ചം പതിക്കുന്നു എന്നു പറയുമ്പോൾ വരാൻ പോകുന്ന മഞ്ഞുരുക്കത്തെപ്പറ്റി ചിന്തിക്കാവുന്നതേയുള്ളൂ എന്ന് ഗ്രാസ് സർവകലാശാലയിലെ ഹിമാലയൻ ഭൗമ ഗവേഷകനായ ജേക്കബ് സ്റ്റെയിനർ പറഞ്ഞു. ഹിമത്തിന്റെ ആലയം എന്ന പേര് അന്വർഥമാക്കുന്ന തരത്തിലുള്ള മഞ്ഞുപാളികളുടെ സാന്നിധ്യം ഓരോ 10 വർഷം കഴിയുന്തോറും 100 മീറ്റർ വീതം മുകളിലേക്ക് കയറിപോവുകയാണ്. 2025 നവംബറിൽ ശക്തമായ ഹിമപാതം മൂലം ധാരാളം ശൈത്യജലം സംഭരിക്കപ്പെട്ടിരുന്നു. നേപ്പാളിലെ ഹിമാലയൻ പർവത താപനിലയിലും നേരിയ വർധനവുണ്ട്. ഇങ്ങനെ കാലാവസ്ഥാപരമായ പല ഘടകങ്ങൾ ചേർന്ന് വൻദുരന്തത്തിനു വഴിതുറക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )