
പുറമേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തം
- പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
പുറമേരി: പുറമേരിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തമാക്കി.പുറമേരി വാട്ടർ ടാങ്കിനുസമീപം അനധികൃതമായി കെട്ടിയുണ്ടാക്കിയ ബൈജൂസ് തട്ടുകടയിൽ നടത്തിയ പരിശോധനയിൽ കേടായ ഭക്ഷണം കണ്ടെത്തി.ഏകദേശം മുപ്പതോളം പഴകിയതും ഗുണനിലവാരമില്ലാത്തതുമായ പുഴുങ്ങിയ മുട്ടകൾ, പഴകിയ മീൻകറി, ഫംഗൽ ബാധ വന്ന ചിക്കൻകറി, വൃത്തിഹീനമായ പൊറോട്ട മാവ് എന്നിവ പിടികൂടി.

സ്ഥാപനത്തിലെ വെള്ളം ജല ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും എടുത്തിട്ടുമില്ല. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി നേതൃത്വം നൽകി. ഷി ഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരള പൊതുജന ആരോഗ്യനിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു.