
മെസ്സി വിവാദം കനക്കുന്നു ;പുറത്ത് വരുന്നത് ചട്ട ലംഘനങ്ങളുടെ നീണ്ടനിര
- അർജന്റീന വിഷയത്തിൽ സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണു കായികവകുപ്പിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ കരാർ അനുമതിയില്ലാതെ സ്പോൺസർക്ക് അനുമതി നൽകിയതാര്? ഔദ്യോഗിക അനുമതിക്കു മുൻപേ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പിട്ട കരാറിൽ എങ്ങനെ സർക്കാരിന്റെ വിവരങ്ങൾ ഉപയോഗിച്ചു. കരാറിന്റെ കൂടുതൽ വിവരങ്ങൾക്ക് ഒപ്പം പുറത്തുവരുന്നത് ചട്ടലംഘനങ്ങളുടെ നീണ്ടനിര. പണം അയയ്ക്കുന്നതിൽ കാലതാമസം വരുത്തിയതോടെ, സ്പോൺസറുമായുള്ള കരാർ 2തവണ എഎഫ്എ റദ്ദാക്കിയെന്നും രേഖകളിൽ ഉണ്ട്. 2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ, ഇതിനായുള്ള സർക്കാർ അനുമതി നേടിയെടുത്തത് 18 ദിവസത്തിനുശേഷമാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നുമില്ല.

അർജന്റീന വിഷയത്തിൽ സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണു കായികവകുപ്പിന്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയുള്ള പദ്ധതി എന്ന പേരിലാണു സ്പോൺസർ-എഎഫ്എ കരാർ. ഈ രേഖകൾ കായികവകുപ്പിൽനിന്ന് മറച്ചുവച്ച സ്പോൺസർ, അതിനുശേഷം 2 തവണ കരാർ പുതുക്കിയപ്പോഴും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചില്ല. സ്വകാര്യ സ്ഥാപനം അനുമതിയില്ലാതെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒപ്പിട്ടതും വിവാദമായത്.
