
രാജ്യത്തെ മൊബൈൽ ഫോൺ റീചാർജ് നിരക്കുകൾ കുത്തനെ ഉയർന്നേക്കും
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാൻ ഒരുങ്ങുന്നത്.
മുംബൈ: രാജ്യത്തെ മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ ഉയർന്നേക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാൻ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ വർധനവുണ്ടാവുമെന്ന് സെൻട്രം റിപ്പോർട്ടിൽ പറയുന്നു. പരമാവധി 15 ശതമാനം വർധന നിരക്കിൽ ഉണ്ടാവും. 28 ദിവസത്തെ പ്ലാനിന് നിലവിൽ 349 രൂപയാണ് നൽകുന്നതെങ്കിൽ അത് 389 രൂപയായി ഉയരും. 899 രൂപയുടെ പാക്കിന് 1,007 രൂപയായും 3599 രൂപയുടെ പാക്കിന് 4,031 രൂപയും നൽകേണ്ടി വരും.കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം, ജൂണിൽ പുതിയ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വോഡഫോൺ ഐഡിയയേയും ജിയോയേയും എയർടെൽ മറികടന്നു. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ചേർത്തത് എയർടെല്ലായിരുന്നു.ജിയോ 2.14 മില്യൺ വയർലെസ്സ് സബ്സ്ക്രൈബേഴ്സിനെ ചേർത്തപ്പോൾ എയർടെൽ 2.98 മില്യൺ പേരെ ചേർത്തു.
