
ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതികളിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു
- വനിതാ പ്രവർത്തകരുടെ പരാതികളിൽ പാർട്ടി നടപടികൾ കുറ്റമറ്റതല്ലെന്നും വിലയിരുത്തൽ.
ന്യൂഡൽഹി : ഇ.എൻ സുരേഷ്ബാബുവിനെതിരായ പരാതികളിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു. തെറ്റ് തിരുത്തലിലെ സംഘടനാ നടപടികൾ ലൈംഗിക ആരോപണ പരാതികളിലും വേണമെന്ന് നേതൃത്വം നിർദേശിച്ചു. വനിതാ പ്രവർത്തകരുടെ പരാതികളിൽ പാർട്ടി നടപടികൾ കുറ്റമറ്റതല്ലെന്നും വിലയിരുത്തൽ. നേരത്തെ, സുരേഷ് ബാബുവിനെതിരായ പരാതികൾ അന്വേഷിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂടുതൽ നടപടിയുണ്ടാകുക.ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന നീക്കിയെങ്കിലും നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികൾ നിലനിൽക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാർട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

പാർട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമാര്യാദയായി പെരുമാറി, റിയൽ എസ്റ്റേറ്റ്, സ്‌പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങി 11 പരാതികളാണ് സൂരേഷ് ബാബുവിനെതിരെ ഉള്ളത്.അഭിഭാഷക ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നൽകിയതായാണ് വിവരം.ആരോപണങ്ങൾ തെളിഞ്ഞാൽ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ മാറ്റി നിർത്താനാണ് സാധ്യത.ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റികൾ പൂർത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക.
