
ഓർമ്മകൾക്ക് മരണമില്ലെന്ന് തെളിയിച്ച് സഹപാഠികൾ കോഴിക്കോട് നളന്ദയിൽ ഒത്തുകൂടി
1978-80 കാലഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗത്തിൽ എം.എ. വിദ്യാർത്ഥികളായിരുന്നവർ കോഴിക്കോട് ഒത്തുകൂടി ഓർമ്മ പങ്കിട്ടത് നവ്യാനുഭവമായി.
കോഴിക്കോട് :1978-80 കാലഘട്ടത്തിൽ കോഴിക്കോട് സർവ്വകലാശാല മലയാള വിഭാഗത്തിൽ എം.എ. വിദ്യാർത്ഥികളായിരുന്നവർ കോഴിക്കോട് ഒത്തുകൂടി ഓർമ്മ പങ്കിട്ടത് നവ്യാനുഭവമായി.കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവി പ്രൊഫ. എൻ. സി. ഹരിദാസ് , ഗവ:കോളേജ് അധ്യാപകനായി വിരമിച്ച ക്യാപ്റ്റൻ ദേവരാജ് . പി . സി ,കോഴിക്കോട് സർവ്വകലാശാല രജിസ്ട്രാർ ഇൻചാർജായിരുന്ന ശകുന്തള . പി . , കൊച്ചിൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി റജിസ്ട്രാർ ആയിരുന്ന പീതാംബരൻ. എം. ഡി , അധ്യാപകവൃത്തിയോടൊപ്പം 36 വർഷങ്ങളായി ദി ബ്ലഡ് എന്ന കൂട്ടായ്മയിലൂടെ അനേകം രോഗികൾക്ക് രക്തദാനം നൽകാൻ സന്നദ്ധ പ്രവർത്തകരെ നയിച്ചു കൊണ്ടിരിക്കുന്ന ശ്യാമള. സി. ആർ., അധ്യാപനം, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന വത്സൻ. എൻ. വി. (കൊല്ലം ) സാഹിത്യാദ്ധ്യാപനം തുടരുന്നവരായ പ്രൊഫ. മന്മഥൻ. സി. പി., പ്രൊഫ. പ്രേമലത . കെ . , ശാന്തകുമാരി. എം. കെ.,നാടക രചയിതാവും ഗായകനും സി.സി. ആർ. ടി. നാഷണൽ അവാർഡ് ജേതാവുമായ ഹരിദാസ് പന്തീരാങ്കാവ എന്നിവരാണ് 46 വർഷങ്ങൾക്കു ശേഷം ആദ്യമായി കോഴിക്കോട് ഒത്തുചേർന്ന് സ്മരണകൾ പങ്കുവെച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചത്.

പ്രശസ്ത എഴുത്തുകാരനും, വിമർശകനും പ്രഭാഷകനുമായ ഡോ. സുകുമാർ അഴീക്കോട് കോഴിക്കോട് സർവ്വകലാശാല പ്രൊവൈസ് ചാൻസിലർ പദവിയിൽ നിന്നു വിരമിച്ച് മലയാള വിഭാഗം തലവനായി വീണ്ടും എത്തിയത് ഈ ബാച്ചിലേക്കാണ്. പ്രശസ്ത ഭാഷാ സാഹിത്യ ഗവേഷകരും എഴുത്തുകാരുമായിരുന്ന ഡോ. കെ. എൻ. എഴുത്തച്ഛൻ, ഡോ. ടി. ബി. വേണുഗോപാല പണിക്കർ,ഡോ. എം. എം. പുരുഷോത്തമൻനായർ , ഡോ. എൻ. ഗോപിനാഥൻ നായർ, ഡോ. എം. എസ്. മേനോൻ, ഡോ. എൻ. എം. നമ്പൂതിരി തുടങ്ങിയ മൺമറഞ്ഞ ഗുരുനാഥന്മാരെയും സഹപാഠികളായ പ്രൊ. ഒ. ശാരദ, ഉഷ, സീനിയർ ഗവേഷണ വിദ്യാർത്ഥിയും കോളേജ് അദ്ധ്യാപകനുമായ മജീദ്, ഓഫീസ് സ്റ്റാഫ് മാധവൻ പോറ്റി എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു.ഹരിദാസ് പന്തീരാങ്കാവ് രചിച്ച ശവം തിന്നുന്ന കഴുകന്മാർ എന്ന നാടകം ചർച്ചക്ക് വിഷയമായി.ഒളപ്പമണ്ണ കുടുംബാംഗമായ നിർമ്മല ഡിസംബറിൽ വരുന്ന മുറയ്ക്ക് ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, ഡോ. എം. എം. ബഷീർ എന്നീ ഗുരു നാഥന്മാരെ സന്ദർശിച്ച് ആദരവ് നല്കാം എന്ന ശുഭപ്രതീക്ഷയിലാണ് കൂട്ടുകാർ യാത്ര തിരിച്ചത്.
