
ഡ്രൈവിങ് ടെസ്‌റ്റുകൾ നീണ്ടുപോകുന്നു; കോഴിക്കോട് ലൈസൻസ് കിട്ടാതെ അരലക്ഷം പേർ
- ലൈസൻസ് ടെസ്‌റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ‌് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്‌ഥയിലാണ് അപേക്ഷകർ.
കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നീണ്ടുപോകുന്നത് അപേക്ഷകരെ വലയ്ക്കുന്നു. ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫിസുകളിലായി അരലക്ഷത്തോളം പുതിയ അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റിനു വേണ്ടി മാസങ്ങളായി കാത്തിരിക്കുന്നത്. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാലും സമയം അനുവദിച്ചു കിട്ടുന്നില്ല. പ്രതിദിനം ഒരു എംവിഐ ടെസ്‌റ്റ് നടത്തുന്നത് 25 പുതിയ അപേക്ഷകർക്കും മുൻപ് പരാജയപ്പെട്ട 10 പേർക്കുമാണ്.
നേരത്തെ ഇതിന്റെ രണ്ട് ഇരട്ടി ടെസ്‌റ്റുകൾ നടത്തിയിരുന്നു. പുതുതായി വന്ന പേരാമ്പ്ര, നന്മണ്ട, രാമനാട്ടുകര സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ എല്ലാം ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമാണുള്ളത്. അതിനാലാണ് ഇവിടെ ടെസ്റ്റുകൾ നീളുന്നത്. ഓൺലൈനായി 25 പുതിയ അപേക്ഷകർക്ക് മാത്രമാണ് ഇപ്പോൾ സമയം ലഭിക്കുന്നത്. ലൈസൻസ് ടെസ്‌റ്റ് നീണ്ടു പോകുന്നതിനാൽ ലേണേഴ്സ‌് ലൈസൻസ് 6 മാസം കൂടുമ്പോൾ പുതുക്കേണ്ട അവസ്‌ഥയിലാണ് അപേക്ഷകർ.
പുതിയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ അധികമായി ഒരു എംവിഐയുടെ തസ്‌തിക അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കോഴിക്കോട്, വടകര റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, നന്മണ്ട, രാമനാട്ടുകര സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ടെസ്റ്റുകൾ നീളുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞ ഒട്ടേറെ അപേക്ഷകരാണു അയൽ സംസ്ഥാനങ്ങളിൽ എത്തി ഡ്രൈവിങ് ലൈസൻസ് നേടുന്നത്.
