
നന്മ കൂട്ടായ്മയുടെ ‘അനുമോദനവും ആദരവും ‘ പരിപാടി ശ്രദ്ധേയമായി
- അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
പൊയിൽക്കാവ്: നന്മ കൂട്ടായ്മ പൊയിൽക്കാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “അനുമോദനവും ആദരവും” പരിപാടി ശ്രദ്ധേയമായി. പൊയിൽക്കാവ് യു.പി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ബാബുരാജ് പി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പ്രകാശൻ പി.വി. സ്വാഗതം ആശംസിച്ചു.പ്രശസ്ത പ്രഭാഷകനായ ശ്രീ. രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണൻ, മുരളി തൊറോത്ത്, പ്രമോദ് വി.പി., ഷാനി പി.വി., മിഥുൻ (വാർഡ് 14 മെമ്പർ), അജിത (വാർഡ് 15 മെമ്പർ), സുരേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു., എൽ.എസ്.എസ്., യു.എസ്.എസ്.,പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, സർവീസിൽ നിന്ന് വിരമിച്ചവർക്കും , സമൂഹത്തിന് മാതൃകാപരമായ സേവനം അനുഷ്ഠിച്ച വ്യക്തികൾക്കും സ്നേഹാദരവ് നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ സമൂഹത്തിന്റെ അഭിമാനമാണെന്നും, സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.പരിപാടിയുടെ വിജയത്തിനായി ഗിരിഷ്, മനോജ് യു.വി., ശിവൻ പി.വി., സജിത്ത് എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. നിരവധി നാട്ടുകാരും രക്ഷിതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ കിരൺ നന്ദി രേഖപ്പെടുത്തി.
