പന്തലായനി–വിയ്യൂർ റോഡിൽ അടിപ്പാത ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം

പന്തലായനി–വിയ്യൂർ റോഡിൽ അടിപ്പാത ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം

  • സമരം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത 66ന്റെ ഭാഗമായ പന്തലായനി–വിയ്യൂർ റോഡിൽ ചെയിനേജ് നമ്പർ 222/20ൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അനിശ്ചിതകാല പ്രത്യക്ഷ സമരം ആരംഭിച്ചു.കൊയിലാണ്ടി നഗരസഭയിലെ 9, 11, 12, 14 വാർഡുകളിലായി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബി.ഇ.എം. സ്കൂൾ പന്തലായനി തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.3000ലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അസാധാരണമായ കുറവുണ്ടായതായും സമരക്കാർ ചൂണ്ടിക്കാട്ടി. സ്കൂളിലെ 75 ശതമാനത്തോളം വിദ്യാർത്ഥികൾ പെൺകുട്ടികളാണെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി അവർ പറഞ്ഞു.

റേഷൻ കട, റെയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബാങ്കുകൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങളിലേക്ക് പന്തലായനി–വിയ്യൂർ പ്രദേശവാസികൾക്ക് എത്തിച്ചേരുന്നതിലും വലിയ ബുദ്ധിമുട്ട് നേരിടുന്നു. അടിയന്തര ഘട്ടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ വാഹനങ്ങൾക്ക് പ്രദേശത്തേക്ക് എത്തിച്ചേരാൻ നിലവിൽ സൗകര്യമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നതായും സമരക്കാർ പറഞ്ഞു.കഴിഞ്ഞ പത്ത് മാസമായി നഗരസഭ ചെയർപേഴ്സൺ, വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ഭരണകൂടം തുടങ്ങിയവരെ നിരവധി തവണ സമീപിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.സമരം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷജിത്ത് കെ. അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ പി., അഡ്വ. ഉമേന്ദ്രൻ, പി.എം. ബിജു എന്നിവർ സംസാരിച്ചു. കെ.എം. സുമതി സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )