
” ലോകകപ്പ് പനി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടർന്നിരിക്കുന്നു”
- ശ്രീലാൽ പെരുവട്ടൂർ
ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ലോകകപ്പ് എത്തുമ്പോൾ കളിക്കളങ്ങളിൽ മാത്രമല്ല, നമ്മുടെ നാട്ടുവഴികളിലും അതിന്റെ ആവേശം നിറയുകയാണ്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി പ്രിയ ടീമുകളുടെ ജേഴ്സികൾ സ്വന്തമാക്കാൻ ചെറിയ കടകളിൽ പോലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിറയെ പതാകകളും ബാനറുകളും ജേഴ്സികളും കൊണ്ട് കടകൾ ഉത്സവപ്പറമ്പുകളെപ്പോലെ മാറിയിരിക്കുന്നു. സ്വന്തം ടീമിന്റെ നിറം അണിയുക എന്നത് ആരാധകർക്ക് ഒരു ഫാഷൻ മാത്രമല്ല, അവരുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രഖ്യാപനമാണ്.
ഗ്രാമങ്ങളിലെ ചായക്കടകളിൽ നിന്ന് നഗരങ്ങളിലെ ഷോപ്പിംഗ് സെന്ററുകളിലേക്ക് ഫുട്ബോൾ ചർച്ചകൾ സജീവമാണ്. ആരാകും കപ്പ് ഉയർത്തുക? മെസ്സിയുടെ പാരമ്പര്യം തുടരുമോ? പുതിയ താരങ്ങൾ ചരിത്രം കുറിക്കുമോ? എന്നിങ്ങനെ ചർച്ചകൾക്ക് ഒട്ടും അവസാനമില്ല. സ്കൂളുകളിലും ക്ലബ്ബുകളിലും ഫുട്ബോൾ ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഷൂട്ടൗട്ട് മത്സരങ്ങൾ അതുപോലെയുള്ള ആഘോഷങ്ങളിൽ തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞു കൊണ്ടാണ് എല്ലാവരും പങ്കെടുക്കുന്നത് സ്കൂളിലെ വിദ്യാർഥികളായാലും അധ്യാപകർ ആയാലും ആവേശം ഒട്ടും ചോരാതെ ചേർന്ന് നിൽക്കുന്നു
ആരാധകരുടെ ഹൃദയങ്ങളിൽ ലോകകപ്പ് ഇതിനകം തന്നെ വലിയ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. ഫുട്ബോളിനോടുള്ള ഈ സ്നേഹവും ആവേശവും തന്നെയാണ് ലോകകപ്പിനെ ലോകത്തിലെ ഏറ്റവും വലിയ കായികോത്സവമാക്കി മാറ്റുന്നത്…. ശ്രീലാൽ പെരുവട്ടൂർ

