ശമ്പള പരിഷ്കരണം- അഞ്ചുവർഷ തത്വം അട്ടിമറിച്ചതിനെതിരെ പോരാട്ടത്തിനിറങ്ങുക- കെ എസ് ടി എ
- അഡ്വ: പി എ മുഹമ്മദ് റിയാസ് എം എൽ എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ എസ് ടി എ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും സംഘടിപ്പിച്ചു.പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ രാവിലെ എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ചും സിവിൽ സ്റ്റേഷനു മുൻപിൽ സംഘടിപ്പിച്ച ധർണയും അഡ്വ: പി എ മുഹമ്മദ് റിയാസ് എം എൽ എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എസ്. സബിത അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.അധ്യാപകരും ജീവനക്കാരും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അഞ്ചുവർഷ തത്വം പാലിച്ചുകൊണ്ടുള്ള ശമ്പളപരിഷ്കരണം അട്ടിമറിച്ചതിനെതിരെ പോരാട്ടത്തിനിറങ്ങാൻ തയ്യാറാവണമെന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് അധ്യാപകരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാർച്ചിൽ അണിനിരന്നത്.

കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ലാബർ കോഡുകൾ പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ പൂർത്തിയാക്കുക,
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക,ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ചാൽ തുടർന്നുള്ള നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ 48 മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം. ജില്ലാ പ്രസിഡണ്ട് എൻ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഷാജിമ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. എൻ. സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു.
