
ആഗ്നയ്ക്കും അശ്വന്തിനും യാത്രയയപ്പ് നൽകി
- പന്തലായനി ഗവ . ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികളായ ആഗ്ന കെ. കെ , അശ്വന്ത് കെ.കെ എന്നീ വിദ്യാർത്ഥികൾക്ക് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന പന്തലായനി ഗവ . ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികളായ ആഗ്ന കെ. കെ , അശ്വന്ത് കെ.കെ എന്നീ വിദ്യാർത്ഥികൾക്ക് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. ആഗ്ന സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയതാണ്. അശ്വന്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ്. രണ്ടു പേരും സഹോദരങ്ങളാണ്. സ്പോർട്സിൽ സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും നിരവധി സമ്മാനങ്ങൾ ഈ കുട്ടികൾ നേടിയിട്ടുണ്ട്. ആഗ്ന യോഗയിൽ നാഷണൽ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. മിക്സ് ബോക്സിംഗ് കൂടാതെ റഗ്ബി , യോഗ, ഹർഡിൽസ്, കരാട്ടെ എന്നിവയിലൊക്കെ മത്സരിച്ച് പ്രൈസ് നേടാൻ ആഗ്നയ്ക്ക് സാധിച്ചിട്ടുണ്ട്. അശ്വന്ത് ബേസ്ബോൾ,ഖൊഖൊ, യോഗ, കരാട്ടെ ഈ ഇനങ്ങളിൽ നിരവധി പ്രൈസുകൾ കരസ്ഥമാക്കിയിട്ടുണ്ട്.കരാട്ടെ, യോഗ എന്നിവയെല്ലാം ഈ കുട്ടികൾ സ്കൂളിൽ നിന്നാണ് പഠിച്ചത്.

സ്പോർട്സിലും പഠനത്തിലും ഒരു പോലെ മികവ് തെളിയിക്കുന്ന ഈ വിദ്യാർത്ഥികൾ കാസർഗോഡ് പി. ഡബ്ള്യൂ. ഡി ജീവനക്കാരനായ കെ.കെ. ശ്രീലേഷ് ,എൻ. വിന്ധ്യ എന്നിവരുടെ മക്കളാണ്. സംസ്ഥാന തലം മുതൽ വേൾഡ് ചാമ്പ്യൻഷിപ്പ് വരെ പങ്കെടുക്കാൻ ഈ കുട്ടികൾക്ക് സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നുംഈ വിദ്യാർത്ഥികൾ നാടിനും സ്കൂളിനും അഭിമാനമാണെന്നും, മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും പ്രിൻസിപ്പൽ ബീന പൂവത്തിൽ പറഞ്ഞു. രജിത കെ. ആർ, പ്രശാന്ത് .ജി , അഷിത തയ്യിൽ, സാലി ജോസ്, രശ്മി . കെ , ജസ്രിയ എം എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
