
ഇരുട്ടിന്റെ ലോകത്തെ അതിജീവിച്ച് രാഷ്ട്രപതിയുടെ അതിഥിയായി ഡോ. രശ്മി; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മാതൃകാപ്രവർത്തനം
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: കൗമാരപ്രായത്തിൽ ഇരുട്ടിന്റെ ലോകത്തേക്ക് വീണെങ്കിലും പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ ജീവിതത്തെ പോരാട്ടവേദിയാക്കി മാറ്റിയ ഡോ. രശ്മിക്ക് ഇന്ന് രാജ്യത്തിന്റെ ആദരം. രാഷ്ട്രപതിയുടെ അതിഥിയായി ഡൽഹിയിലെത്തുന്ന കേരളത്തിന്റെ പ്രതിനിധിയായിരിക്കുകയാണ് കൊയിലാണ്ടി കൊല്ലത്തെ അശ്വിനി ആശുപത്രിയിലെ ജനകീയ ഡോക്ടർ ഭാസ്കരന്റെയും തങ്ക ത്തിന്റെയും മകൾ കൂടിയായ ഡോ. രശ്മി.
വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ വലിയൊരു തിരിച്ചടി നേരിട്ട വ്യക്തിയാണ് രശ്മി. 27-ാം വയസ്സിൽ കണ്ണിന്റെ റെറ്റിനയുടെ മധ്യഭാഗത്ത് കാഴ്ചയ്ക്ക് വ്യക്തത നൽകുന്ന മാക്യുലയെ ബാധിക്കുന്ന ഗുരുതര രോഗം പിടിപെട്ടതോടെയാണ് കാഴ്ചശേഷി നഷ്ടമായത്. ഇനി ഒരിക്കലും കാഴ്ച തിരിച്ചുകിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടും ജീവിതത്തോട് തോൽക്കാൻ അവർ തയ്യാറായില്ല.
സ്വന്തം പരിമിതികളെ മറികടന്ന് മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകണമെന്ന തീരുമാനമാണ് പിന്നീട് ഡോ. രശ്മിയുടെ ജീവിതത്തെ പുതിയ വഴിയിലേക്ക് നയിച്ചത്. ഭിന്നശേഷിക്കാർക്കായി ആയുർവേദ ആശുപത്രി സ്ഥാപിക്കുകയും ഓട്ടിസം ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആയുർവേദ ചികിത്സയിലൂടെ പിന്തുണ നൽകുകയും ചെയ്യുന്ന ദൗത്യം അവർ ഏറ്റെടുത്തു.
ചികിത്സയോടൊപ്പം കുട്ടികളെയും കുടുംബങ്ങളെയും ചേർത്തുപിടിച്ച് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഡോ. രശ്മി നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. സ്വന്തം കാഴ്ച നഷ്ടപ്പെട്ടതിന്റെ വേദനയെ സമൂഹത്തിലെ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരാനുള്ള ഊർജമായി മാറ്റിയതാണ് അവരുടെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത അഞ്ചുപേരാണ് രാഷ്ട്രപതിയുടെ അതിഥികളായി എത്തുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത് ഡോ. രശ്മി മാത്രമാണ്. മറ്റ് നാല് പേരും ഭിന്നശേഷിക്കാരാണ് വിവിധ രംഗങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരാണ്.
കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്നേഹവും സ്വന്തം ജീവിതത്തിലും പ്രവർത്തനങ്ങളിലും മുന്നോട്ടുകൊണ്ടുപോകുകയാണ് രശ്മി.
ഭർത്താവ് അഡ്വ. ടി. പി. പ്രമോദ്. മകൾ ദിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
കാഴ്ച നഷ്ടപ്പെട്ടത് ജീവിതത്തിന്റെ അവസാനമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഡോ. രശ്മി, കാഴ്ചയില്ലാത്ത കണ്ണുകളിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ അരികിലേക്ക് മാറ്റിനിർത്താതെ അവരെ ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രപതിയുടെ ആദരം, കൊയിലാണ്ടിക്കും കേരളത്തിനും അഭിമാനനിമിഷമാണ്.
