
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി
- ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്ന് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ബെഞ്ചിന് കത്തയച്ചത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയിരുന്നു. എന്നാൽ ഒരുതരത്തിലുള്ള അറ്റകുറ്റപ്പണിയും ഏഴരപ്പൊന്നാനയിൽ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ രേഖകൾ പരിശോധിക്കുമ്പോൾ സ്വർണത്തിന്റെ കുറവൊന്നും വന്നിട്ടില്ലെന്നുമാണ് ഇവർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഈ സമയത്ത് ഇതിലെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി, ചെമ്പോ അതുപോലെ വില കുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ച് പൊതിഞ്ഞു എന്നാണ് കത്തിൽ പറയുന്നത്. ബോർഡ് നൽകിയ റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി വിശദമായ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തണമെന്നും ഒരു സ്വർണപ്പണിക്കാരന്റെ കൂടി സഹായം തേടണം എന്നുമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം
