
ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അൻസിബ ഹസ്സൻ്റെ പരാതിയിൽ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്
- മറ്റൊരാൾ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ ആവില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കൊച്ചി: തനിക്കെതിരെ നടൻ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അൻസിബ ഹസ്സൻ്റെ പരാതിയിൽ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്. മറ്റൊരാൾ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ ആവില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമുള്ള റിപ്പോർട്ടാണ് കടവന്ത്ര പൊലീസ് തൃപ്പൂണിത്തുറ കോടതിയിൽ സമർപ്പിച്ചത്.ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ജൂൺ ഒന്നിനാണ് അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. ടിനി ടോമിന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചു എന്നത് ഉൾപ്പെടെ വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചു എന്നും അൻസിബയുടെ പരാതിയിലുണ്ട്.

ലൈംഗികാധിക്ഷേപം നടത്തിയതായും പരാതിയിൽ പറയുന്നു. ടിനി ടോം, നീനാ കുറുപ്പ്, അൻസിബ എന്നിവരടക്കം നാലുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പരാതിയിൽ കഴമ്പില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്.മറ്റൊരാൾ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ ആവില്ലെന്നും അൻസിബ നൽകിയ തെളിവുകൾക്ക് ബലമില്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പൊലീസ് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ടിനി ടോമിനെതിരെ അൻസിബയുടെ പരാതിയിൽ സമവായത്തിന് ‘അമ്മ’ അഡ്ഹോക് കമ്മിറ്റി ശ്രമിക്കുന്നതിനിടയിലാണ് വിഷയം കോടതിയിൽ എത്തിയത്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച് വിധി പറയും.
