ഓണം അടുത്തെത്തുമ്പോൾ  പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാരന് തിരിച്ചടി

ഓണം അടുത്തെത്തുമ്പോൾ  പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാരന് തിരിച്ചടി

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: ഓണം അടുത്തെത്തിയതോടെ  മാർക്കറ്റിൽ പച്ചക്കറി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളീയർ നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ഉള്ളി,ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, വെളുത്തുള്ളി തുടങ്ങിയവയുടെ വില ഏകദേശം ഇരട്ടിയായെന്നാണ് വ്യാപാരികൾ പറയുന്നത്.കേരളം പ്രധാനമായും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് പച്ചക്കറി എത്തിക്കുന്നത്. കർണാടകയിലെ മൈസൂർ ഉൾപ്പെടെയുള്ള ഉൽപാദന മേഖലകളിൽ ഉണ്ടായ പ്രതികൂല കാലാവസ്ഥയും കൃഷിയെ ബാധിച്ച വൈറസ് രോഗങ്ങളും ഉൽപാദനം കുറയാൻ കാരണമായതോടെയാണ് വിലക്കയറ്റമുണ്ടായതെന്ന് വ്യാപാരികൾ വിശദീകരിക്കുന്നു. ഇന്ധനവില വർധിച്ചതും ഗതാഗതച്ചെലവ് ഉയർത്തി വിലവർധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം, തക്കാളിയുടെ വില മാത്രമാണ് നിലവിൽ ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസം നൽകുന്നത്. മറ്റ് മിക്ക പച്ചക്കറികളുടെയും വില ഉയർന്ന നിലയിൽ തുടരുകയാണ്.നാട്ടിൻപുറങ്ങളിലെ ചില്ലറ വില്പന നടത്തുന്ന കച്ചവടക്കാർക്കാണ് വലിയ പ്രതിസന്ധി എന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ പച്ചക്കറി വ്യാപാരം നടത്തുന്ന പ്രവീൺ അഭിപ്രായപ്പെട്ടുഓണക്കാലത്തെ വർധിച്ച ആവശ്യകത കൂടി കണക്കിലെടുക്കുമ്പോൾ ഓണം കഴിയുന്നതുവരെ വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇതോടെ ഉത്സവകാല ചെലവുകൾക്കൊപ്പം പച്ചക്കറി വാങ്ങുന്നതിനും കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യം സാധാരണ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )